ന്യൂഡൽഹി: രാജ്യമൊട്ടാകെ പടരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് സുപ്രീംകോടതി നിർണായക നിർദ്ദേശങ്ങൾ നൽകി. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ പെട്ടെന്ന് വലിയ തുകയുടെ ഇടപാടുകൾ നടന്നാൽ ബാങ്കുകൾ ഉടൻ തന്നെ മുന്നറിയിപ്പ് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. സാധാരണയായി ചെറിയ തുകകൾ മാത്രം ഇടപാട് നടത്തുന്ന അക്കൗണ്ടുകളിൽ നിന്ന് പെട്ടെന്ന് ലക്ഷക്കണക്കിന് രൂപ കൈമാറാൻ ശ്രമിക്കുമ്പോൾ ബാങ്കുകൾ ജാഗ്രത പാലിക്കണം. ഇത്തരത്തിൽ സംശയാസ്പദമായ ഇടപാടുകൾ നടക്കുമ്പോൾ ഉപഭോക്താവിനെ വിവരം അറിയിക്കുന്നതിനുള്ള സംവിധാനം ബാങ്കുകൾ രൂപീകരിക്കണം.
ജനങ്ങൾ ബാങ്കുകളെ വിശ്വസിച്ചാണ് പണം നിക്ഷേപിക്കുന്നത്. എന്നാൽ പലപ്പോഴും ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയോ അല്ലെങ്കിൽ പ്രതികളുമായുള്ള ഒത്തുകളിയോ ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് 'പകൽക്കൊള്ള'യ്ക്ക് തുല്യമാണെന്നും കോടതി വിമർശിച്ചു.
ബാങ്കുകൾക്കായി റിസർവ് ബാങ്ക് തയ്യാറാക്കിയ പുതിയ മാർഗ്ഗരേഖകൾ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു. തട്ടിപ്പ് തടയാൻ താത്കാലികമായി ഇടപാടുകൾ മരവിപ്പിക്കാനുള്ള അധികാരവും ബാങ്കുകൾക്ക് ഇതിലൂടെ ലഭിക്കും.
തട്ടിപ്പിനിരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആർബിഐയും ടെലികോം വകുപ്പും ചേർന്ന് പ്രത്യേക ചട്ടക്കൂട് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോലീസ്, സിബിഐ അല്ലെങ്കിൽ സുപ്രീംകോടതി ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കോളിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി 'അറസ്റ്റ്' ചെയ്യുന്ന രീതിയാണിത്. ഭയപ്പെടുന്ന ഇരകളിൽ നിന്ന് കേസൊഴിവാക്കാൻ എന്ന പേരിൽ വൻതുക തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്.